തായ്‌പെയ്: തായ്‍വാനെ ചുറ്റി ചൈന നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ തായ്‍വാൻ കടുത്ത വിമർശനം ഉന്നയിച്ചു. അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽപറത്തി അയൽരാജ്യങ്ങളെ സൈനികമായി ഭീഷണിപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്ന് തായ്‍വാൻ പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം വർധിപ്പിക്കുന്ന രീതിയിൽ ചൈന സൈനികാഭ്യാസം ആരംഭിച്ചത്.
തായ്‍വാനോട് ചേർന്ന മേഖലകളിൽ യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, ദീർഘദൂര മിസൈലുകൾ എന്നിവ വിന്യസിച്ചായിരുന്നു ചൈനയുടെ സൈനിക നീക്കം. 28 കപ്പലുകളും 89 യുദ്ധവിമാനങ്ങളും നാല് യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നതായിരുന്നു ചൈനയുടെ സൈനിക വിന്യാസം.
ഇതിന് പിന്നാലെ തായ്‍വാനും സ്വന്തം ആയുധങ്ങളും സൈനികരെയും വിന്യസിച്ച് ജാഗ്രത ശക്തമാക്കി. പതിവായി തായ്‍വാനെ ചുറ്റി ചൈന യുദ്ധവിമാനങ്ങളും നാവികസേന കപ്പലുകളും അയയ്ക്കാറുണ്ടെങ്കിലും, ഇത്തവണ ഭീഷണി കൂടുതൽ പരസ്യമായ രീതിയിലായിരുന്നുവെന്നാണ് തായ്‍വാന്റെ വിലയിരുത്തൽ.
തായ്‍വാൻ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ‘വിഘടന ശക്തികൾക്ക്’ മുന്നറിയിപ്പായാണ് സൈനികാഭ്യാസമെന്ന് ചൈന വിശദീകരിച്ചു. അടുത്തിടെ 1100 കോടി ഡോളർ മൂല്യമുള്ള ആയുധങ്ങൾ വാങ്ങുന്നതിനായി തായ്‍വാൻ യുഎസുമായി കരാറിലെത്തിയിരുന്നു.
തായ്‍വാൻ സ്വതന്ത്രരാജ്യമാണെന്ന വിശ്വാസത്തിലാണ് അവിടുത്തെ ജനത. എന്നാൽ തായ്‍വാൻ തങ്ങളുടെ ഭാഗമാണെന്ന നിലപാടിലാണ് ചൈന. സൈനിക നടപടികളിലൂടെ തായ്‍വാനെ ചൈനയിൽ കൂട്ടിച്ചേർക്കുമെന്നും ഭീഷണി നിലനിൽക്കുന്നു. സമാധാനപരമായി ചൈനയുടെ ഭാഗമാകണമെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടിരുന്നു.