kerala

ചുങ്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവിന് നേരേ ഭീഷണി; സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

By webdesk13

March 01, 2025

മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവിന് നേരേ ഭീഷണി മുഴക്കിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഭീഷണി മുഴക്കിയതിനു സി.പി.എം ഏരിയ സെക്രട്ടറി ടി രവീന്ദ്രന്‍, കട തകര്‍ത്തതിന് അവിശ്വാസത്തിലൂടെ പുറത്തായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി റീന എന്നിവര്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പിന്നാലെയാണ് ടി രവീന്ദ്രന്‍ ചുങ്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സുധീറിനെ ഭീഷണിപ്പെടുത്തിയത്. ചുങ്കത്തറയില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിനെതിരെയായിരുന്നു ഏരിയാ സെക്രട്ടറിയുടെ ഭീഷണി. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സുധീറിന്റെ ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം കണ്‍വീനര്‍ കൂടിയായ സുധീര്‍ ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കായിരുന്നു പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയില്‍ പാസായത്. അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീര്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭര്‍ത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്.