കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുളളവരെ സിനിമ മേഖലയില്‍ ഒരുതരത്തിലും സഹകരിപ്പിക്കേണ്ടെന്ന്‌സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഫിലിം ചേംമ്പറും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പല താരങ്ങളുടെ ഡ്രൈവര്‍മാരായും സഹായികളായും ക്രിമിനലുകളുടെ ചെറിയ സംഘം കടന്നു കൂടിയിട്ടുണ്ടെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ജി സുരേഷ് കുമാര്‍,എം രഞ്ജിത്, സിയാദ് കോക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു കാരണവശാലും ഏതെങ്കിലും നടിയുടെയോ നടന്റെയോ കൂടെ ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ ഉണ്ടെങ്കില്‍ അവരെ ഷൂട്ടിങ് ലൊക്കേഷനുകളിലോ സിനിമയുടെ ഏതെങ്കിലും മേഖലയിലോ അനുവദിക്കില്ല. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനകളുമായും ഇക്കാര്യം സംസാരിക്കും. പൊലീസിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിപ്പിക്കറ്റും തൊഴിലാളികള്‍ ഏതു വിധത്തിലുള്ളവരായിരിക്കണമെന്നും അവരെ സംബന്ധിച്ച് എതൊക്കെ വിധത്തിലുള്ള ക്ലാരിഫിക്കേഷന്‍ വേണമെന്നും ആവശ്യപ്പെടും.

ഇതൊക്കെ ലഭിച്ചതിനു ശേഷം മാത്രമെ ചിത്രീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു. മെയ് മാസത്തിനുളളില്‍ തന്നെ ഇക്കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കും. മയക്കുമരുന്നോ മറ്റു അനാവശ്യപ്രവര്‍ത്തനങ്ങളോ സിനിമയില്‍ അനുവദിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെറിയ കാലഘട്ടത്തില്‍ സിനിമാ മേഖലയില്‍ ഉണ്ടായിരുന്നുവെന്നത് തങ്ങള്‍ അംഗീകരിക്കുന്നുവെന്നും അത് സത്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. നടി നയന്‍താര കൊലക്കേസ് പ്രതിയെയാണ് ഡ്രൈവറായി വെച്ചിരിക്കുന്നതെന്ന ആരോപണം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. നയന്‍ താര സ്വന്തമായിട്ടാണ് ഡ്രൈവറെ നിയോഗിച്ചിരിക്കുന്നത്.

അയാളില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരിക്കും.അതിന്റെ ഉത്തരവാദിത്വം അവര്‍ക്കാണ്. അതില്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് ബന്ധമില്ല. എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ അത്തരക്കാരെ അനുവദിക്കില്ല. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളും ചില പത്ര-ദൃശ്യമാധ്യമങ്ങളും പ്രമുഖനായ ഒരാളെ മാത്രം അനാവശ്യമായി കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ പിന്നിലും ഒരു ഗൂഢാലോചനയുണ്ടെന്നും അതും അന്വേഷിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.