india

യുപിയില്‍ മുസ്‌ലിം വ്യാപാരിയെ ഗോവധക്കേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍; ‘ഗോ രക്ഷകന്‍’ അറസ്റ്റില്‍

By webdesk17

March 13, 2025

വ്യാജ പശു കശാപ്പ് കേസില്‍ മുസ്‌ലിം മാംസ വ്യാപാരിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയതിന് സഹാറന്‍പൂരില്‍ നിന്നുള്ള ‘ഗോ രക്ഷകനെ’ യുപി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. വിശ്വ ഹിന്ദു പരിവാര്‍ സ്ഥാപകന്‍ വിഷ് സിങ് കംബോജ് എന്ന് വ്യക്തിയാണ് അറസ്റ്റിലായത്.

തന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന മുസ്ലിം യുവാവിനെ കേസില്‍ കുടുക്കാന്‍ ആഗ്രഹിച്ചിരുന്ന മാംസ വ്യാപാരിയായ ഖുറേഷിയില്‍ നിന്ന് 50,000 രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് വിവരം.

പശുവിനെ കൊന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കൂട്ടാളികളും ജില്ലയിലെ ഒരു പ്രധാന ഹൈവേയില്‍ കന്നുകാലികളുടെ അവശിഷ്ടങ്ങളുമായി റോഡ് ഉപരോധിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ ജഡത്തിന് വളരെ പഴക്കം ഉണ്ടായിരുന്നത് സംശയത്തിന് കാരണമായി. പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതിഷേധക്കാരില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് വലതുപക്ഷ സംഘടനയായ വിശ്വ ഹിന്ദു പരിവാര്‍ സ്ഥാപകന്‍ വിഷ് സിങ് കാംബോജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഖുറേഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ വെച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അയാള്‍ സമ്മതിച്ചു എന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഖുറേഷിയും പഴയ ബിസിനസ്സ് പങ്കാളിയും മാംസക്കച്ചവടക്കാരാണെന്നും എന്നാല്‍ അയാളുടെ ബിസിനസ്സ് കൂടുതല്‍ വിജയിക്കുകയായിരുന്നു. ഇതാണ് ഖുറേഷിയെ ഇത്തരം പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

അതേസമയം ഖുറേഷി ഇപ്പോള്‍ ഒളിവിലാണ്. ഗുണ്ടാ ആക്ട്, കലാപം എന്നിവയുള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പതിവ് കുറ്റവാളിയാണ് വിഷ് സിങ് കാംബോജ് എന്നും പൊലീസ് അറിയിച്ചു.