india

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രനീക്കമെന്ന് റിപ്പോർട്ട് ; ഓൺലെെൻ പോർട്ടൽ സജ്ജമാക്കും

By webdesk15

October 16, 2023

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നേയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്ര സർക്കാർ. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം.പൗരത്വ ഭേദഗതി നിയമ ബിൽ പാർലമെന്റിൽ പാസാക്കിയെങ്കിലും ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നിയമം നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഓൺലെെൻ പോർട്ടൽ സജ്ജമാക്കാൻ ഒരുങ്ങുന്നത്.

2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം. മുസ്ലിങ്ങളെ അതിൽ പരിഗണിച്ചിട്ടില്ല.