ചാമ്പ്യന്‍സ് ലീഗിലെ പ്രതീക്ഷ നിറഞ്ഞ ഏറ്റുമുട്ടലില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ 2-1ന് മറികടന്ന് ശ്രദ്ധേയ വിജയം സ്വന്തമാക്കി. തുടക്കം മുതല്‍ ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 28-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഗോളിലൂടെ റയല്‍ ലീഡ് നേടി.
ബെല്ലിങ്ഹാം നല്‍കിയ മനോഹര പാസ് സ്വീകരിച്ച റോഡ്രിഗോ വലതുവശത്തേക്കു ചാടി സിറ്റി ഗോള്‍കീപ്പര്‍ ഡോണരുമ്മയെ മറികടന്നു പന്ത് വലയില്‍ അടിച്ചു. എന്നാല്‍ സിറ്റി അധികനേരം പിന്നില്‍ നിന്നില്ല. 35-ാം മിനിറ്റില്‍ നിക്കോ ഒറല്ലി സിറ്റിയെ സമനിലയിലെത്തിച്ചു. കോര്‍ണര്‍ കിക്കില്‍ ഗ്വാര്‍ഡിയോള്‍ തലവെച്ച പന്ത് ക്വാര്‍ട്ടോയ് തട്ടിയപ്പോള്‍ അത് ഒറല്ലിയുടെ മുന്നിലേക്കെത്തി. അദ്ദേഹം അത് എളുപ്പത്തില്‍ വലയിലെത്തിച്ചു.
43-ാം മിനിറ്റില്‍ മത്സരത്തിന്റെ നിര്‍ണായക നിമിഷവും പിറന്നു. ബോക്സിനുള്ളില്‍ റൂഡിഗര്‍ ഹാളണ്ടിനെ വീഴ്ത്തിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഹാളണ്ട് തന്നെ ഗോളാക്കി മാറ്റി. ഈ വിജയത്തോടെ സിറ്റി ആറു മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടി പട്ടികയില്‍ നാലാം സ്ഥാനത്ത്. തോല്‍വിയോടെ റയല്‍ മാഡ്രിഡ് ഏഴാം സ്ഥാനത്തേക്ക് നീങ്ങി.
പരിക്കേറ്റ് കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ കളത്തിലിറങ്ങിയത്. അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന്റെ മികച്ച ഫോമും തുടരുകയാണ്. ബെല്‍ജിയം ക്ലബ് ബ്രൂജിനെ 3-0 ന് തകര്‍ത്ത ആര്‍സനല്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉറച്ചു. 25-ാം, 47ാം മിനിറ്റുകളില്‍ ചുകുന്വാന്‍സോ മദുകെയുടെയും 56-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുടെയും ഗോളുകളാണ് വിജയത്തിന് അടിത്തറയിട്ടത്.
ആറു മത്സരങ്ങളില്‍ നിന്ന് 18 പോയിന്റ് നേടി ആര്‍സനല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നായി മാറി. മറ്റു മത്സരങ്ങളിലും ആവേശം നിറഞ്ഞ നിമിഷങ്ങള്‍ സാക്ഷ്യം വഹിച്ചു. അത്ലറ്റിക്കോ ക്ലബ്-പിഎസ്ജി മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമ്പോള്‍ ലവര്‍കുസന്‍-ന്യൂകാസില്‍ മത്സരം 2-2 ന് സമനിലയില്‍ പിരിഞ്ഞു. ബെന്‍ഫിക നാപ്പോളിയെ 2-0 ന് തോല്‍പ്പിച്ചപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബോഡോ ഗ്ലിംറ്റിനെ 2-2 ന് പിടിച്ചു നിര്‍ത്തി. യുവന്റസ് പാഫോസ് എഫ്സിയെ 2-0 ന് കീഴടക്കി വിജയപട്ടികയില്‍ ചേര്‍ന്നു.