kerala

‘ സിജെ റോയ്യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവും’-അനുശോചിച്ച് മോഹന്‍ലാല്‍

By Akhila

January 31, 2026

ബംഗളൂരുവില്‍ ജീവനൊടുക്കിയ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്യുടെ മരണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും’ മോഹന്‍ലാല്‍ അനുശോചിച്ചു.

ഇന്നലെ ബംഗളൂരുവിലെ ഓഫീസിലും കഫെയിലും റെയ്ഡ് നടക്കുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ആദായനികുതി വകുപ്പ് റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയല്‍ എസ്റ്റേറ്റ് രംഗത്താണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലും നിരവധി സംരംഭങ്ങളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനുള്ളത്. കേരളത്തിലും ബംഗളൂരുവിലും ഗള്‍ഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിര്‍മാണരംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ സി.ജെ റോയ് നിര്‍മിച്ചിട്ടുണ്ട്.

അതേസമയം, സിജെ റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. സഹോദരന്‍ സി ജെ ബാബുവിന്റെ കോറമംഗലയിലെ വീട്ടില്‍ വച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം കോറമംഗലയിലെത്തിക്കും. സി ജെ ബാബുവിന്റെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍.