Culture

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

By chandrika

April 23, 2018

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന് കാട്ടിയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ം ഗുരുതരമായ വിഷയത്തില്‍ രാജ്യസഭാധ്യക്ഷ്യനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

‘പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയത്. ഇത് നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീകോടതിയിലെ പ്രമുഖ അഭിഭാഷകനുമായി കബില്‍ സിബല്‍ പറഞ്ഞു. ഇതിനെതിരേ തീര്‍ച്ചയായും സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എം.പിമാര്‍ ഒപ്പിട്ട് സമര്‍പ്പിച്ച പ്രമേയം പ്രാഥമികാന്വേഷണം പോലും നടത്താതെ തള്ളുന്നത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. ഇതിനെതിരേ തീര്‍ച്ചയായും സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷന്റെ നടപടി നിയമ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ നിഷേധകരും, ജനാധിപത്യ സംരക്ഷകരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് മാധ്യമ വക്താവ് രണ്‍ദീപ് സര്‍ജീവാലയും നടപടിയെ വിമര്‍ശിച്ചിരുന്നു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയ നിയമവിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്‌