കേരളത്തിലെ വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന മേഖലകളെ ദൂരവ്യാപകമായി സ്വാധീനിക്കുന്ന പി.എംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഉയരുന്ന രാഷ്ട്രീയ വിവാദങ്ങള്‍ അതീവ ഗൗരവതരമാണ്. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്‍ ക്കാറിനും കേന്ദ്ര സര്‍ക്കാറിനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ദാസ്യമാണ്. പി.എം ശ്രീ പദ്ധതിയില്‍ കേരളത്തെ പണയപ്പെടുത്താനുള്ള സി.പി.എം നീക്കത്തിന് പിറകില്‍ ഗൗരവസ്വഭാവത്തിലു ള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടന്നാണ് വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്‍ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമാണ്. ജോണ്‍ ബ്രിട്ടാസിനെ മധ്യസ്ഥനായി നിയമിച്ചു എന്ന വെളിപ്പെടുത്തല്‍, കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ബന്ധങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
ഒരു പാര്‍ലമെന്റ് അംഗം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഒരു സി.പി.എം എം.പിയെ ഇത്തരമൊരു നിര്‍ണ്ണായക വിഷയത്തില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ഡീല്‍ ഉറപ്പിക്കാന്‍ ചുമതലപ്പെടുത്തിയതിലൂടെ സി.പി.എം നേതൃത്വം എന്താണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ എം.പിമാര്‍ എന്ന് മുതലാണ് ആര്‍.എസ്.എസ് നേതൃത്വവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ക്കുള്ള ദൗത്യമേല്‍ക്കുന്നവര്‍ ആയത് എന്ന പ്രതിപക്ഷത്തി ന്റെ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ചകള്‍ ഏര്‍പ്പാടാക്കുന്നതിനും പല കാര്യങ്ങളിലും പ്രധാനമന്ത്രിയു മായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം, കേവലം ഒരു എം.പിയുടെ ഇടപെടലായി മാത്രം കാണാനാവില്ല. കഴിഞ്ഞ ഒക്ടോബര്‍ 10-ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നട ത്തിയതിന് തൊട്ടുപിന്നാലെ ഒക്ടോബര്‍ 16-ന് പി.എം ശ്രീ പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ച നടപടി, ഈ ‘ഇടനില’ ചര്‍ച്ചകളുടെ ഫലമാണ് എന്നതിന് അടിവരയിടുന്നു.
സി.പി.എമ്മിന്റെ ആര്‍.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ചില പ്രാദേശിക അഡ്ജസ്റ്റ്മെന്റ്‌റ് ധാരണകളുമായി ബന്ധിപ്പിക്കുമ്പോള്‍, വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ചിലയിടങ്ങളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതും ശക്തരായ സി.പി.എം സ്ഥാനാര്‍ഥികള്‍ ഉള്ളിടത്ത് ബി.ജെ.പി ദുര്‍ബലരെ നിര്‍ത്തുന്നതുമായ സംഭവങ്ങള്‍ ഈ ആരോപണത്തിന് ശക്തി പകരുന്നു. ഇത് ബി.ജെ.പി-സി.പി.എം സഖ്യം എന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. കേരളത്തില്‍ ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാണാനാവുന്നത്. 500 ഓളം സീറ്റുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ് മെന്ററാണ്.കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ സി.പി.എം എന്നും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ കടുത്ത എതിരാളികളാണ് നടക്കാറുള്ളത്.
എന്നാല്‍, പ്രധാനപ്പെട്ട പദ്ധതികളില്‍ ഒപ്പിടുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും കാണുന്ന രഹസ്യ ധാരണകള്‍, സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ്. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള നീക്കം കേരളത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടകള്‍ക്ക് പണയം വെക്കാനുള്ള ഗൗരവ സ്വഭാവത്തിലുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ എന്ന് കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എം.പിക്ക് ഇത്തരമൊരു ഇടനില ദൗത്യം നല്‍കാന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ചത് എപ്പോഴാണ്? സംഘ്പരിവാര്‍ രാഷ്ട്രീയവുമായി ഡീലുകള്‍ ഉറപ്പിക്കുന്നതിനുള്ള ചുമതല സി.പി.എം എം.പിമാര്‍ക്ക് നല്‍കിയത് എന്തിനാണ്? പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, മന്ത്രിസഭയില്‍ പോലും വിശദമായ ചര്‍ച്ചയില്ലാതെ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം എന്തായിരുന്നു? ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ ആരോപണങ്ങള്‍ക്ക് പിണറായി വിജയനും സി.പി.എമ്മും വ്യക്തമായ മറുപടി നല്‍കണം. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ഈ സംശയങ്ങള്‍ നീങ്ങാതെ, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഈ വിഷയം ഒരു കനലായി തുടരുമെന്ന് ഓര്‍ക്കുന്നത്.