india

ബംഗളൂരുവില്‍ മയക്കുമരുന്ന് സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍

By webdesk17

November 05, 2025

ബംഗളൂരു: ആചാര്യ കോളജിന് സമീപം മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവും നാട്ടുകാരും തമ്മില്‍ കടുത്ത സംഘര്‍ഷം. വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംഘര്‍ഷം ഇന്നലെ വൈകുന്നേരം ആചാര്യ കോളജിനടുത്ത് നടന്നതാണ്. നാട്ടുകാരുടെ ആരോപണമനുസരിച്ച്, കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പ്രദേശത്ത് സ്ഥിരമായി സജീവമാണ്. ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ ഇവര്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇതിനെതിരെ നാട്ടുകാര്‍ പലവട്ടം പ്രതിഷേധം നടത്തിയെങ്കിലും, പ്രതികള്‍ ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയോ അടിച്ചോടിക്കുകയോ ചെയ്യുകയായിരുന്നു. ഇന്നലെ നാട്ടുകാര്‍ സംഘത്തെ നേരിട്ട് ചോദ്യം ചെയ്തപ്പോള്‍ സംഘര്‍ഷം വന്‍തോതില്‍ വ്യാപിച്ചു.

സംഘത്തിലെ തലവന്‍ ആചാര്യ കോളജിലെ വിദ്യാര്‍ത്ഥിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് അധിക സുരക്ഷാ സന്നാഹം വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.