main stories

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; നിയമസഭാ കക്ഷി യോഗം ഇന്ന്

By Manya

May 14, 2026

ന്യൂഡല്‍ഹി: 102 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന്റെ മുഖ്യമന്ത്രി യെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗെയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.

രാഹുല്‍ മടങ്ങിയ ശേഷം ഖാര്‍ഗെയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയായിരുന്നു. എഐസിസി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയും വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുമായി സംസാരിച്ച ശേഷമായിരിക്കും ഇന്ന് പ്രഖ്യാപനമുണ്ടാവുക. ഇന്ന് ഒരുമണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ദിരാ ഭവനില്‍ ചേരും. യോഗത്തില്‍ സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷം ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനേയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.