kerala

ധാരണപത്രത്തില്‍ ഒപ്പിടാന്‍ എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണം: വി ഡി സതീശന്‍

By webdesk17

October 27, 2025

പി.എം ശ്രീ പദ്ധതിയില്‍ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബിനോയ് വിശ്വം നാണംകെട്ട് എങ്ങനെയാണ് മുന്നണിയില്‍ ഇരിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. ധാരണപത്രത്തില്‍ ഒപ്പിടാന്‍ എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്റെ അകത്ത്. എന്തൊരു നാണക്കേടാണ്. രാജന്‍ വീറോടെ വാദിക്കുമ്പോള്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തീയതി ഒപ്പിട്ട് 22-ാം തീയതിയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ മിണ്ടിയില്ല’.

‘പി.എം ശ്രീയില്‍ ഒപ്പിട്ട വിവരം പാര്‍ട്ടിയോ മുന്നണിയോ സെക്രട്ടറിയേറ്റോ പൊളിറ്റ്ബ്യൂറോയോ ബേബിയോ അറിഞ്ഞിട്ടില്ല. എന്ത് ബ്ലാക്ക് മെയ്‌ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്തില്ലെങ്കില്‍ എന്ത് ചെയ്യുമെന്നാണ് പറഞ്ഞത്’- വി.ഡി. സതീശന്‍ ചോദിച്ചു.

2024 മാര്‍ച്ചില്‍ തന്നെ പി.എം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചിരുന്നെന്ന് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ 2024 ഫെബ്രുവരി 8ന് കേന്ദ്ര സര്‍ക്കാറിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തിരുന്നു.

മുഖ്യമന്ത്രി മോദിയെയും അമിത്ഷായേയും കണ്ടതിന് ശേഷം ആരും അറിയാതെ കരാര്‍ ഒപ്പിട്ടെന്നും അത് തുറന്നു പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒപ്പുവെച്ചതിന് ശേഷം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയില്‍ മിണ്ടാതിരുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളിലെല്ലാം ഇവര്‍ തമ്മില്‍ പരസ്പര സഹായമുണ്ടെന്നും സതീശന്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പുറത്താണമെന്നും സ്വര്‍ണക്കൊള്ളയില്‍ ഇപ്പോഴത്തെ ബോര്‍ഡും പ്രതികളാകുമെന്ും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വ്യവസായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഭൂമി വ്യവസായം നടത്താതെ മറിച്ചുവിറ്റു എന്നതാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് എതിരായ ആരോപണം. ആരോപണത്തിന് രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.