കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ കാര്യമായ ഇടിവ്. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയില്‍ ലിറ്ററിന് 334 രൂപയിലാണ് വെളിച്ചെണ്ണയുടെ വ്യാപാരം നടന്നത്. ഓണക്കാലത്ത് 500 രൂപയ്ക്ക് മുകളിലെത്തിയ വിലയാണ് ഇപ്പോള്‍ വലിയ തോതില്‍ കുറഞ്ഞത്. വന്‍തോതിലുള്ള വിളവെടുപ്പും വിപണിയിലെ ലഭ്യത വര്‍ധിച്ചതുമാണ് വില ഇടിയാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വിളവെടുപ്പ് വര്‍ധനയ്‌ക്കൊപ്പം ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്. നവംബര്‍ മുതല്‍ വിലക്കുറവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കര്‍ഷകരില്‍ നിന്ന് കിലോഗ്രാമിന് 55 രൂപയ്ക്കാണ് ശേഖരിക്കുന്നത്. ഓണക്കാലത്ത് ഇത് 78 രൂപയായിരുന്നു. ഡിസംബര്‍ പകുതിയോടെ അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു.
അന്ന് കിലോയ്ക്ക് 52 രൂപ ആയിരുന്നു വില.ഓണക്കാലത്ത് ആവശ്യകത ഉയര്‍ന്നതോടെ നാളികേരം, വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. കൊപ്രയ്ക്ക് അന്ന് കിലോയ്ക്ക് 270 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ അത് 200 രൂപയായി കുറഞ്ഞു. അടുത്ത കാലത്ത് 150 രൂപ വരെ താഴാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ സൂചിപ്പിക്കുന്നു. വിലക്കയറ്റം മൂലം മന്ദഗതിയിലായിരുന്ന നാളികേര വ്യാപാരം, വിലക്കുറവോടെ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വിപണി.