Video Stories

സിറിയയില്‍ കൂട്ടപാലായനം

By chandrika

March 16, 2018

 

ദമസ്‌കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്‍ ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള്‍ കൂട്ടിവച്ച സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ ഒരു സമൂഹം യാത്ര ചെയ്യുന്നത്. സിറിയയില്‍ നിന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നു പോകുന്നവരുടെ എണ്ണം പെരുകുകയാണ്. രാജ്യത്ത് മരണം വിളിപ്പാടകലെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനതയുടെ കൂട്ടപാലായനം. അര ലക്ഷം പേര്‍ പാലായനം നടത്തിയെന്നാണ് പുറത്തു വരുന്ന നിഗമനം. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ആക്രമണങ്ങളാണ് നടന്നതെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. ഗൂതയില്‍ വ്യോമാക്രമണത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ റഷ്യന്‍ പോര്‍വിമാനങ്ങളാണ് ആക്രമണം അഴിച്ചു വിട്ടത്. സിറിയയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഗൂതയ്ക്ക് സമീപത്തായിരുന്നു വ്യോമാക്രമണം. 100 പേര്‍ക്ക് പരിക്ക് പറ്റി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. ഗൂതയ്ക്ക് പിന്നാലെ അഫ്രിനിലും പോരാട്ടം നടക്കുകയാണ്. തുര്‍ക്കിയാണ് ഈ മേഖലയില്‍ ആക്രമണം നടത്തുന്നത്. തുര്‍ക്കി സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഫ്രിനിലെ വടക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 30,000 പേരാണ് ഈ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ 12 മില്യണ്‍ ജനങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമായി. നാല് ലക്ഷം പേര്‍ പോരാട്ടത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 മാര്‍ച്ച് മുതലാണ് ബാഷര്‍ അല്‍ അസാദ് സര്‍ക്കാരിനെതിരെ വിമതര്‍ പോരാട്ടം തുടങ്ങിയത്. കിഴക്കന്‍ ഗൂതയില്‍ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ആഹാരവും വെള്ളവും കിട്ടാതെ പലരും വലയുകയാണെന്നും ഒട്ടേറെ പേര്‍ നാട് വിട്ട് പോയതായും സംഘടന വ്യക്തമാക്കി.