എടത്വ: എടത്വ-കോതമംഗലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ എടത്വ തലവടി ആനപ്രമ്പാല്‍ കറുത്തേരില്‍ കുന്നേല്‍ വീട്ടില്‍ വിഷ്ണു (21) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം. ഹോസ്റ്റലില്‍ നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്. ഉടന്‍ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കിലുണ്ടായിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി കാരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ് സിന്ധു (തലവടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗം), പിതാവ് കൊച്ചുമോന്‍. ഏക സഹോദരന്‍ വിവേക് (എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി). പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം സ്വദേശമായ തലവടിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.