News

കൊളംബിയന്‍ പ്രസിഡന്റിന്റെ പലസ്തീന്‍ അനുകൂല പരാമര്‍ശം: യുഎസ് വിസ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു

By webdesk18

September 27, 2025

ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ അമേരിക്ക റദ്ദാക്കുമെന്ന് യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. റാലിയില്‍ അദ്ദേഹം യുഎസ് പ്രസിഡന്റ് ട്രംപിനെതിരെ പ്രകോപനപരമായ രീതിയില്‍ പരാമര്‍ശിച്ചതായി വാദത്തിലാണ് നടപടി.

ഐക്യരാഷ്ട്രസഭാ അസംബ്ലിയിലും പലസ്തീന്‍ പരിപാടിയിലും പങ്കെടുത്ത പെട്രോ, പിന്നീട് കൊളംബിയയിലേക്ക് യാത്ര തിരിക്കാനിരിക്കെ വിസ റദ്ദാക്കുന്നതായി അമേരിക്ക അറിയിച്ചതായി കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റാലിയില്‍, മെഗാഫോണിലൂടെ കഫിയ അണിഞ്ഞ് വലിയ ജനക്കൂട്ടത്തോട് സംസാരിച്ച പെട്രോ, ലോകത്തിന് വേണ്ടി ഒരു സൈന്യത്തെ രൂപപ്പെടുത്താനുള്ള പദ്ധതിയും, അതിന്റെ ആദ്യ ദൗത്യമായി പലസ്തീന്‍ വിമോചനത്തെ കാണുമെന്നും പ്രഖ്യാപിച്ചു. ‘ലോക രാജ്യങ്ങള്‍ സൈനികരെ സംഭാവന ചെയ്ത് അന്താരാഷ്ട്ര നീതി നടപ്പാക്കും, അത് യുഎസ് സൈന്യത്തേക്കാള്‍ വലുതായിരിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നീട്, യുഎസ് സൈന്യത്തെ പരാമര്‍ശിച്ച്, ‘യുഎസ് സൈന്യത്തിലെ എല്ലാ സൈനികരോടും പറയാനുള്ളത്, മാനവികതയ്ക്ക് വിരുദ്ധമായി തോക്ക് ചൂണ്ടരുത്, ട്രംപിന്റെ ആജ്ഞകള്‍ പാലിക്കരുത്, മനുഷ്യരാശിയുടെ ആജ്ഞകള്‍ അനുസരിക്കുക’ പെട്രോ റാലിയില്‍ വ്യക്തമാക്കി.