News

‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി

By vismaya

February 14, 2026

മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരിച്ച് നടി ഉര്‍വശി. ഏറെ നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് താനെന്ന് അവാര്‍ഡ് ചടങ്ങിനിടെ താരം പറഞ്ഞു. വൈകിയാണ് ലഭിച്ചതെങ്കിലും ഈ അംഗീകാരത്തിന് വലിയ മധുരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

”എത്രയോ സിനിമകളില്‍ ഞാന്‍ കോമഡി ചെയ്തിട്ടുണ്ട്. അതിന് ഒരു പ്രത്യേക അംഗീകാരം ലഭിക്കുക വലിയ കാര്യമാണ്. കോമഡി ചെയ്യുന്നത് വളരെ പ്രയാസമാണ്. എന്ത് ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് ചിരി വരുന്നതെന്ന് കൃത്യമായി പറയാനാവില്ല,” എന്ന് ഉര്‍വശി വ്യക്തമാക്കി. കോമഡി ആരെയും വേദനിപ്പിക്കരുത്, അശ്ലീലത്തിലേക്ക് വഴുതിപ്പോകരുത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും അവര്‍ പറഞ്ഞു.

തമിഴും മലയാളവും തനിക്ക് രണ്ട് കണ്ണുകളെപ്പോലെയാണെന്നും അതില്‍ ഏതാണ് പ്രധാനമെന്ന് വേര്‍തിരിച്ച് പറയാനാവില്ലെന്നും ഉര്‍വശി വ്യക്തമാക്കി. 2017ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരമാണ് ഉര്‍വശിക്ക് ലഭിച്ചത്.

2016 മുതല്‍ 2022 വരെ പ്രഖ്യാപിച്ച തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളി താരങ്ങളുടെ ശ്രദ്ധേയ സാന്നിധ്യമാണ് പ്രകടമായത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍: കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, അപര്‍ണ ബാലമുരളി, ലിജോ മോള്‍, നയന്‍താര എന്നിവര്‍. 2018ലെ മികച്ച നടിയായി ജോതിക തിരഞ്ഞെടുക്കപ്പെട്ടു. 2021ലെ മികച്ച നടിക്കുള്ള പുരസ്‌കാരം മധുമിത നേടി.

മികച്ച പിന്നണി ഗായികയ്ക്കുള്ള 2016ലെ പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2020ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വര്‍ഷ രഞ്ജിത്ത് നേടി. 2016ലെ മികച്ച വില്ലനായി നടന്‍ റഹ്‌മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടന്മാരായി വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്‍. പാര്‍ഥിബന്‍, സൂര്യ, ആര്യ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകരായി ലോകേഷ് കനകരാജ്, മാരി സെല്‍വരാജ്, സുധ കൊങ്കര, പുഷ്‌കര്‍-ഗായത്രി, പാര്‍ഥിബന്‍, ജ്ഞാനവേല്‍, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ പുരസ്‌കാരം നേടി.

മികച്ച ചിത്രങ്ങളായി മാനഗരം, അറം, പരിയേറും പെരുമാള്‍, അസുരന്‍, കൂഴങ്കല്‍, ജയ് ഭീം, ഗാര്‍ഗി എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളി താരങ്ങളുടെ ശക്തമായ സാന്നിധ്യം വീണ്ടും തെളിയിച്ച പ്രഖ്യാപനമായിരുന്നു ഇത്.