കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ “വട്ടാണെന്നും ചികിത്സയ്ക്ക് ഊളമ്പാറയിലേക്ക് അയക്കണമെന്നും” പറഞ്ഞ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേ ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. ജിന്റോ ജോണ്‍ രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജിന്റോ ജോണിന്റെ പ്രതികരണം. ഊളമ്പാറയിലോ കുതിരവട്ടത്തോ കുസുമഗിരിയിലോ കൊണ്ടുപോയി ചികിത്സിച്ചാലും, ഷോക്കടിപ്പിച്ചാലും, ഹെവി ഡോസ് മരുന്ന് നല്‍കിയാveലും മാറാത്ത തരത്തിലുള്ള “വര്‍ഗീയ ഭ്രാന്താണ്” വെള്ളാപ്പള്ളിക്കുള്ളതെന്ന് ജിന്റോ ജോണ്‍ ആരോപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളെ “ചങ്ങലഴിച്ച് വിട്ടിരിക്കുന്ന” പിണറായി സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവരെ എത്രയും വേഗം ക്വാറന്റൈനില്‍ ആക്കണമെന്നും ജിന്റോ ജോണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെ എല്ലാവരും ഒന്നിച്ചു നിന്ന് ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ആക്ഷേപ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെതിരെ നടന്ന വ്യക്തിപരമായ ആക്രമണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി എതിര്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.