kerala

‘കമ്മ്യൂണിസമൊക്കെ വീടിന് പുറത്ത്’; ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് അറിയിച്ച മകളെ മര്‍ദിച്ച് സിപിഎം നേതാവ്

By webdesk18

October 21, 2025

കാസര്‍കോട്: സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്‌കരന്റെ മകളെ വീട്ടില്‍ പൂട്ടിയിട്ട് മാനസിക-ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. യുവതി പുറത്തുവിട്ട വീഡിയോയില്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചു.

അരയ്ക്ക് താഴെ തളര്‍ന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടില്‍ പൂട്ടിയിട്ടതെന്നും യുവതി വിഡിയോയില്‍ പറയുന്നു.

‘ഏകദേശം അഞ്ചുമാസത്തോളമായി ഞാന്‍ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളര്‍ന്ന എന്റെ ട്രീറ്റ്‌മെന്റെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. മുസ്ലിം ആയ വ്യക്തിക്ക് ജീവിതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും എന്റെ കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടിവരുന്നത്. ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛന്‍ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്‌കരന്‍.

വിവാഹ മോചിതയായ യുവതി വാഹനാപകടത്തിനും തുടര്‍ന്ന് ചികിത്സാ പ്രശ്നങ്ങള്‍ക്കുമായി വീടിനുള്ളില്‍ ഒതുങ്ങേണ്ടിവന്നു, ചികിത്സയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു വീട്ടുകാര്‍.

തുടര്‍ന്ന് എത്തിയ യുവാവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും, വിവാഹം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചതുമാണ.് ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി.

ഹെബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടും പൊലീസ് നടപടികളില്‍ പ്രതികരണമില്ലായ്മ രേഖപ്പെടുത്തി. വിഡിയോ പുറത്ത് വിടുന്നതിന് മുന്‍പ് മാധ്യമങ്ങളോടും എസ്.പി.കോടും പരാതി നല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതിയോടെ ഉദുമ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു.