kerala

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതി; ആരോപണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

By webdesk18

May 31, 2025

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍. വിപിനെ മര്‍ദിച്ചിട്ടില്ലെന്നും കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന കോളില്‍ മോശമായി സംസാരിച്ചു. നിലവില്‍ അതിലാണ് പരാതി നല്‍കിയിരിക്കുന്നത്. വിപിന്‍ ഫെഫ്കയില്‍ അംഗമല്ല. രണ്ട് നടിമാര്‍ വിപിന്‍ കുമാറിനെതിരെ നല്‍കിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.

യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ വിപിന്‍ തയ്യാറാക്കിയ നാടകമാണിപ്പോള്‍ നടക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. തന്റെ കരിയര്‍ നശിപ്പിക്കാന്‍ സിനിമയിലെ തന്നെ ചില ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും പേരുകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിനെ തല്ലിയെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്തു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടല്ല തര്‍ക്കം നടന്നത്. തന്റെ സുഹൃത്തായ ടൊവീനോയെ പോലും പ്രശ്നത്തില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതിയുണ്ടായതു കൊണ്ടാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നും ഉണ്ണി വ്യക്തമാക്കി.