മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ യുവതി ഡോക്ടറെ അരമണിക്കൂറിലേറെ കാത്തിരുന്നെങ്കിലും ഡോക്ടര്‍ എത്തിയില്ല. ഒടുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. തിരൂരങ്ങാടിയിലെ സമീപത്തെ ക്ഷേത്രത്തില്‍ നൃത്തപരിപാടിക്കെത്തിയവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. ഓട്ടോറിക്ഷ കാലിന് മുകളിലേക്ക് വീണ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇവരെ നാട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ പരിശോധിക്കാന്‍ എത്തിയില്ല. കൂടെയുണ്ടായിരുന്നവര്‍ നിരവധി തവണ ഡോക്ടറോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി പറയുന്നു. തുടര്‍ന്ന് രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ തേടിയത്.
അതേസമയം,തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്.