News

വിളപ്പില്‍ശാല ചികിത്സാ നിഷേധിച്ചെന്ന പരാതി; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

By Manya

January 27, 2026

തിരുവനന്തപുരം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരായ ചികിത്സ നിഷേധ പരാതി അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സ വൈകിയിട്ടില്ലെന്നും രോഗിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജില്ലാതല മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു കൈമാറി. രോഗിയായ ബിസ്മിറിന് ഓക്‌സിജന്‍ ഉള്‍പ്പെടെ ആവശ്യമായ ചികിത്സ നല്‍കിയാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചികിത്സയില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതോടെയാണ് നടപടി ആരംഭിച്ചത്.

അതേസമയം, ആശുപത്രിയില്‍ നിന്ന് യാതൊരു ചികിത്സയും ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികള്‍ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.