News

ഗർഭിണിയ്‌ക്ക് ക്യാൻസറിനുള്ള മരുന്ന് നൽകിയതായി പരാതി; സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം

By Manya

March 11, 2026

തൊടുപുഴ: ഇടുക്കി നെടുംകണ്ടത്തെ  സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ഗർഭിണിക്ക് നൽകേണ്ട ഫോളിക് ആസിഡ് ടാബ്ലറ്റിന് പകരം കാൻസറിനുള്ള മരുന്ന് നൽകിയതായി കുടുംബം പരാതി ഉന്നയിച്ചു.

കമ്പംമെട്ട് സ്വദേശിയായ യുവതിയ്‌ക്ക് നെടുംകണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നാണ് മരുന്ന് മാറി നൽകിയതെന്നാണ് ആരോപണം. ഗർഭസ്ഥാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ നൽകിയ മരുന്നുകൾ പരിശോധിക്കുമ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബം ശ്രദ്ധിച്ചത്.

ഫോളിക് ആസിഡ് ടാബ്ലറ്റിന് പകരം കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഫോളിട്രാക്‌സ് 5 എംജി ടാബ്ലറ്റാണ് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഈ മരുന്ന് ഗർഭിണിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന ആശങ്ക ഉയർന്നതിനാൽ ആരോഗ്യ വകുപ്പിന് പരാതി നൽകാൻ കുടുംബം ഒരുങ്ങുകയാണ്.

അതേസമയം, ഗുളിക നൽകുന്നതിനിടെ നഴ്‌സിന് പിഴവ് മനസ്സിലായെന്നും പിന്നീട് മരുന്ന് മാറ്റി നൽകിയതാണെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശുപത്രി രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.