crime

സഊദി പൗരനെ കബളിപ്പിച്ച് 27 കോടിയിലേറെ രൂപയുമായി മലയാളി മുങ്ങിയതായി പരാതി

By webdesk13

December 17, 2023

സഊദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സഊദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്‍ സഊദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് പള്ളിക്കല്‍ ബസാര്‍ സ്വദേശി പുതിയകത്ത് ഷമീലിനെതിരെയാണ് സഊദി പൗരന്റെ പരാതി. തന്നില്‍ നിന്നു വാങ്ങിയ 1,25,43,400 സഊദി റിയാല്‍, അഥവാ ഇരുപത്തിയെഴേ മുക്കാല്‍ കോടിയോളം രൂപ തിരിച്ചു തരാതെ ശമീല്‍ സഊദിയില്‍ നിന്ന് മുങ്ങിയതായി ഇബ്രാഹിം മുഹമ്മദ് അല്‍ ഒത്തയ്ബി ജിദ്ദയില്‍ പറഞ്ഞു.

സഊദിയില്‍ ശമീല്‍ നടത്തി വന്നിരുന്ന ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു പണം വാങ്ങിയത്. കേസില്‍ ഇബ്രാഹിമിന് അനുകൂലമായി സഊദി കോടതിയുടെ വിധിയുണ്ടായിട്ടും ശമീല്‍ സൗദി വിട്ടതിനാല്‍ ഇതുവരെ പണം തിരിച്ചു കിട്ടിയിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഓഫീസിലും, വിദേശ കാര്യ മന്ത്രാലയത്തിലും, ഇന്ത്യന്‍ കോണ്‍സുലേറ്റിലുമെല്ലാം പരാതി നല്‍കിയിട്ടുണ്ട് എന്ന് ഇബ്രാഹിം പറഞ്ഞു.

പലരെയും അകമഴിഞ്ഞു സഹായിച്ചിരുന്ന സഊദി പൗരന്, ഇപ്പോള്‍ മറ്റുള്ള മലയാളികളിലുള്ള വിശ്വാസം കൂടി നഷ്ടപ്പെട്ടതായി ഇബ്രാഹിം ഒഥൈബിയുടെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞു. സഊദിയിലെ ഓറക്‌സ് ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ നിന്നു ശമീല്‍ എടുത്ത വായ്പയ്ക്കു ഇബ്രാഹിം ഒഥൈബി തന്റെ സ്വത്ത് ജാമ്യം നല്കിയിരുന്നു.

വായ്പ്പ തിരിച്ചടക്കാത്ത സാഹചര്യത്തില്‍ ഇബ്രാഹീമിന്റെ സ്വത്ത് ബാങ്ക് കണ്ടുകെട്ടി. ഈ ഇനത്തില്‍ 53 ലക്ഷത്തോളം റിയാലും, ബിസിനസ് പങ്കാളിത്തത്തിന്റെ പേര് പറഞ്ഞ് വാങ്ങിയ 72 ലക്ഷം റിയാലുമാണ് ശമീല്‍ നാല്‍കാനുള്ളത്.