kerala

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി

By webdesk18

December 24, 2025

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ മോ​ഷ​ണ​ക്കു​റ്റ​മാ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച സംഭവത്തിൽ പരാതി. പു​തൂ​ർ പാ​ലൂ​ര്‍ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാണ് (26) മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിൽ തുടരുകയാണ്.

പാലൂരിൽ പലചരക്ക് കട നടത്തുന്ന രാമരാജ് ഔഷധസസ്യങ്ങളുടെ രണ്ട് വലിയ കെട്ട് വേരുകൾ കടയിൽ സൂക്ഷിച്ചിരുന്നതായി പറയുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് കട കുറച്ച് ദിവസങ്ങൾ അടച്ചിടേണ്ടി വന്നിരുന്നു. പിന്നീട് കട തുറന്നപ്പോൾ വേരുകൾ കാണാതായതോടെയാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണികണ്ഠനെയും കൂട്ടാളികളെയും പിടികൂടിയത്.

തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ രാമരാജിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടതായും ഈ തുക കൈമാറുന്നതിനിടെയാണ് മണികണ്ഠനെ ക്രൂരമായി മർദിച്ചതെന്നും കുടുംബം ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് മണികണ്ഠന്റെ അമ്മ പാപ്പ വ്യക്തമാക്കി. എന്നാൽ മർദനം നടന്നിട്ടില്ലെന്ന നിലപാടിലാണ് മറുപക്ഷം.

ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. അവശനിലയിലായ മണികണ്ഠനെ ആദ്യം ചികിത്സയ്ക്കായി മാറ്റിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. ഇതോടെയാണ് വിവരം പുതൂർ പൊലീസിന് കൈമാറിയത്.

തലയോട്ടിയിലടക്കം ശസ്ത്രക്രിയകൾ നടത്തിയ ശേഷം മണികണ്ഠൻ നിലവിൽ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി രാമരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.