Connect with us

india

രാജ്യ തലസ്ഥാനത്തെ സ്‌കൂളില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെ നഗ്നരാക്കി മര്‍ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതായി പരാതി

ഇങ്ങനെ മര്‍ദനം നേരിട്ട വിദ്യാര്‍ഥികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു

Published

on

ഡല്‍ഹിയിലെ നന്ദ് നഗ്രിയിലെ സര്‍വോദയ ബാല വിദ്യാലയത്തില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികള്‍ക്കു നേരെ കടുത്ത വംശീയാതിക്രമം നടക്കുന്നതായി പരാതി. ഡല്‍ഹിയിലെ അഭിഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അശോക് അഗര്‍വാളാണ് ഇതുസംബന്ധിച്ച് നവംബര്‍ 13ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയത്. മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെ ബാത്‌റൂമിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങളുരിഞ്ഞ് ക്രൂരമായി മര്‍ദിച്ചതായും നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും പരാതിയിലുണ്ട്. ഇങ്ങനെ മര്‍ദനം നേരിട്ട വിദ്യാര്‍ഥികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. ദ വയര്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്‌കൂളിലെ അധ്യാപകരായ ആദര്‍ശ് വര്‍മ, വികാസ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു നേരെ അതിക്രമം നടത്തുന്നതും നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതുമെന്നും അഗര്‍വാള്‍ പറഞ്ഞു.

നിരവധി വിദ്യാര്‍ഥികള്‍ പരാതിയുമായി വന്നതോടെയാണ് അഗര്‍വാള്‍ മുഖ്യമന്ത്രിക്കും ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിക്കും ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയത്. ജീവന് തന്നെ അപകടമുള്ളതിനാല്‍ പരാതി പറഞ്ഞിരിക്കുന്ന വിദ്യാര്‍ഥികളാരും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന ആദര്‍ശ് ശര്‍മയും പി.ടി അധ്യാപകനായ വികാസ് കുമാറും സ്‌കൂള്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് കുട്ടികളുടെ വസ്ത്രമുരിയുന്നു. നഗ്‌ന വിഡിയോ എടുക്കുമെന്നും അത് പ്രചരിപ്പിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് അതിക്രമങ്ങള്‍ പുറത്തുപറയാന്‍ കുട്ടികള്‍ ഭയന്നത്.

പത്താംക്ലാസിലെയും പ്ലസ്ടുവിലെയും മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വിദ്യാര്‍ഥികളെ എപ്പോഴും ക്ലാസിലെ പിന്‍സീറ്റിലാണ് ഇരുത്താറുള്ളത്. മുന്‍നിരജാതിക്കാരായ വിദ്യാര്‍ഥികളാണ് മുന്‍സീറ്റില്‍ ഇരിപ്പിടം ലഭിക്കാറുള്ളത്. ഇത്രയും നീചമായ വിവേചനം കാണിക്കുന്ന അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. മാത്രമല്ല, ഡല്‍ഹിയിലെ ഒരുന്നതനും തന്നെ തടയാനാകില്ലെന്നും ശര്‍മ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പരാതി കൊടുത്തിട്ടും കാര്യമുണ്ടാകില്ലെന്നും പറഞ്ഞു. വിദ്യാര്‍ഥികളെ തോല്‍പിക്കുമെന്നും ശര്‍മ ഭീഷണിപ്പെടുത്തി.

ദലിത്, മുസ്‌ലിം വിദ്യാര്‍ഥികളെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നതും അധ്യാപകരുടെ പതിവാണ്. ദലിത് വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ തൊഴിലാളികളുടെ മക്കളാണെന്നും ഉന്നതജാതിക്കാരെ സേവിക്കുകയാണ് അവരുടെ ജോലിയെന്നും പറയുകയുണ്ടായി. എന്തുകൊണ്ടാണ് മുല്ലമാര്‍ നമ്മുടെ രാജ്യം വിട്ട് പോകാത്തത് എന്നാണ് മുസ്‌ലിം വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് പറയാറുള്ളത്. പഠിപ്പിക്കുന്നതിനിടെ നിരക്ഷരരും താഴ്ന്ന ജാതിക്കാരും മൃഗങ്ങളും സ്ത്രീകളും മര്‍ദിക്കപ്പെടേണ്ടവരാണെന്ന തുളസീദാസിന്റെ കുപ്രസിദ്ധമായ വാചകങ്ങളും ആദര്‍ശ് ഇടക്കിടെ ഉപയോഗിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

2023ല്‍ ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ വിദ്യാര്‍ഥികളുടെ സംഘടനയായ കലക്ടീവ് സ്റ്റുഡന്‍സ് ശ്രമം നടത്തിയിരുന്നു. നമസ്‌തെ എന്നതിനു പകരം വിദ്യാര്‍ഥികളെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശര്‍മ ശ്രമിച്ചതിനു പിന്നാലെയായിരുന്നു അത്. പരാതിക്കു ശേഷം മറ്റൊരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അന്വേഷണം നടത്തി. പരാതി ഇല്ലാതാക്കാനും വിദ്യാര്‍ഥികളെ നിശ്ശബ്ദരാക്കാനും മാത്രമേ ആ അന്വേഷണം കൊണ്ട് സാധിച്ചുള്ളൂ.

ഈ അധ്യാപകര്‍ പഠിപ്പിക്കാനായി പലപ്പോഴും ക്ലാസുകളില്‍ വരാറില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പരാതിയിലുണ്ട്. കത്തിനെ കുറിച്ച് ഉന്നത തലത്തിലുള്ള വിശദമായ അന്വേഷണം വേണമെന്നാണ് അഗര്‍വാള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. സ്‌കൂളിലെ 2500 വിദ്യാര്‍ഥികളില്‍ പകുതിയിലേറെയും മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് മറ്റ് സ്‌കൂളുകളിലേക്ക് ട്രാന്‍സ്ഫറും ലഭിക്കാറില്ല.

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Health

ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം

Published

on

ബിഹാറിൽ അടുത്തിടെ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ബിഹാറിലെ ആറ് ജില്ലകളിൽ നിന്നുള്ള മുലപ്പാൽ സാമ്പിളുകളിലാണ് ഗണ്യമായ അളവിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഭോജ്പൂർ, സമസ്തിപൂർ, ബെഗുസാരായ്, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ നിന്നുള്ള മുലയൂട്ടുന്ന അമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിദ്ധ്യം ശിശുക്കൾക്ക് ഗുരുതരമായ അർബുദമല്ലാത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
പട്നയിലെ മഹാവീർ കാൻസർ സൻസ്ഥാൻ, ന്യൂഡൽഹിയിലെ എയിംസുമായി സഹകരിച്ച് 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.വിശകലനം ചെയ്ത എല്ലാ സാമ്പിളുകളിലും യുറേനിയം-238 കണ്ടെത്തി. പഠനവിധേയമാക്കിയ ജില്ലകളിൽ കതിഹാറിലാണ് ഏറ്റവും ഉയർന്ന സാന്ദ്രത രേഖപ്പെടുത്തിയത്. ഖഗരിയയിലാണ് ഏറ്റവും ഉയർന്ന ശരാശരി കാണിക്കുന്നത്. യുറേനിയത്തിന്റെ സാന്നിദ്ധ്യമുള്ള മുലപ്പാൽ കുടിക്കുന്നതിലൂടെ 70% ശിശുക്കൾക്കും അർബുദമല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
സംസ്ഥാനത്തെ ഭൂഗർഭജലത്തിലെ യുറേനിയത്തിന്റെ ഉയർന്ന സാന്നിധ്യമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. ബീഹാറിലെ ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള, ജലസേചന സ്രോതസ്സ് ഭൂഗർഭ ജലമാണ്.ബീഹാറിലെ പല ജില്ലകളിലും ഭൂഗർഭജലത്തിലെ ഉയർന്ന യുറേനിയത്തിന്റെ അളവ് മുൻ പഠനങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടമായ പാറകൾ, ജലവിതാനത്തിലെ കുറവ്, രാസവളങ്ങളുടെ ദീർഘകാല ഉപയോഗം തുടങ്ങിയ നിരവധി കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Continue Reading

Trending