kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

By webdesk18

May 04, 2025

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.