ന്യൂ മാഹി: പെരിങ്ങാടി റോഡിലുള്ള ‘മലയാള കലാഗ്രാമം’ സ്ഥാപനത്തിലെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ജീവനക്കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിനുള്ളിലെ ശുചിമുറിക്ക് പുറത്ത് യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ ന്യൂ മാഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിത 2023ലെ 77ാം വകുപ്പ്, കേരള പൊലീസ് ആക്ട് 2011ലെ 119(b) വകുപ്പ് എന്നിവ പ്രകാരം സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തില്‍ ഫോട്ടോ/വീഡിയോ പകര്‍ത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനിടെ, ആരോപണ വിധേയനായ യുവാവിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതായി ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. സ്വകാര്യതയെ ഗുരുതരമായി ലംഘിക്കുന്ന സംഭവമായതിനാല്‍ നിയമനടപടികള്‍ കര്‍ശനമായി തുടരുമെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.