kerala

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി; ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

By webdesk14

May 30, 2024

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി.

അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.  ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള ചില തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്നാണ് കോടതി ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.