kerala

ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

By webdesk17

September 17, 2025

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു മാസം ഗര്‍ഭിണിയായ യുവതിയുടെ മുഖത്തും ശരീരത്തും പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ അവര്‍ ചികിത്സയിലാണ്. ഭര്‍ത്താവ് സൈനികനാണ്. ഗര്‍ഭം അലസിപ്പിക്കാന്‍ വയറ്റില്‍ ചവിട്ടിയെന്ന് പരാതിയില്‍ പറയുന്നു.

ആറ് മാസം മുന്‍പാണ് വിവാഹം നടന്നത്. 28 പവന്‍ സ്വര്‍ണ്ണവും 11 ലക്ഷം രൂപയും ഭര്‍ത്താവിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹത്തിന് മൂന്നാം ദിവസം മുതല്‍ തന്നെ പീഡനം ആരംഭിച്ചതായും യുവതി ആരോപിച്ചു.

ഭര്‍ത്താവിന്റെ അച്ഛനും അമ്മയും പീഡിപ്പിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചു. ഭര്‍ത്താവിന് ഈ വിവാഹത്തിന് താത്പര്യമില്ലായിരുന്നു. ബോഡി ഷെയിമിങ് ചെയ്യുമായിരുന്നു. എനിക്ക് വണ്ണം കൂടുതലാണെന്ന് പറയുമായിരുന്നു. മകള്‍ ഭര്‍ത്താവിനെ അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് 13-ാം ദിവസം എന്റെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞു. ചെറിയ വിഷയങ്ങള്‍ പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞത് ആരോടും പറയണ്ട എന്നായിരുന്നു. മകന്റെ ഗര്‍ഭമല്ല എന്നാണ് ഭര്‍ത്താവിന്റെ അമ്മ പറഞ്ഞത്. ചവിട്ടി കലക്കെടാ എന്ന് അമ്മായിയമ്മ മകനോട് പറഞ്ഞു. ഭര്‍ത്താവെന്റെ വയറ്റത്ത് ചവിട്ടി. സ്ത്രീധനമായി 28 പവന്‍ നല്‍കിയതാണ്. അത് പോരാ എന്നായിരുന്നു പറഞ്ഞത്. എന്നെ ഒരുപാട് ഉപദ്രവിച്ചു’, യുവതി പറഞ്ഞു.