kerala

യുവാക്കളെ മര്‍ദിച്ചെന്ന പരാതി; കൊച്ചിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

By Akhila

February 09, 2026

കൊച്ചി: അമിതവേഗത്തില്‍ എത്തിയതായി ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ എറണാകുളം ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വൈപ്പിന്‍ ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് യുവാക്കള്‍ പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ അമിതവേഗത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈകാണിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പൊലീസ് മര്‍ദനം നടത്തിയെന്നാണ് ആരോപണം.

സംഭവത്തില്‍ യുവാക്കള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുളവുക്കാട് പൊലീസ് കേസെടുത്തു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പരിശോധിച്ചത്. അന്വേഷണത്തിനിടെ പൊലീസുകാര്‍ക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തുടര്‍ അന്വേഷണം തുടരുകയാണ്.