ന്യൂഡൽഹി: ടി20 ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശങ്കയായി യുവതാരം തിലക് വർമ്മയുടെ പരിക്ക്. കളിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തിലക് വർമ്മയെ ഒഴിവാക്കിയതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഫിറ്റ്‌നസ് വിലയിരുത്തലിന് ശേഷമേ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കൂവെന്ന് ബിസിസിഐ വ്യക്തമാക്കി. ടി20 ലോകകപ്പ് അടുത്തിരിക്കെ താരത്തിന് മതിയായ വിശ്രമവും പൂർണ്ണ സുഖപ്രാപ്തിയും നൽകാനാണ് ബോർഡിന്റെ തീരുമാനം.
അതേസമയം, കഴിഞ്ഞ ദിവസം ശസ്ത്രക്രിയ പൂർത്തിയാക്കിയ തിലക് വർമ്മ മൂന്ന് മുതൽ നാല് ദിവസത്തെ വിശ്രമത്തിന് ശേഷം പരിശീലനം ആരംഭിക്കാമെന്നായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് ടീം പരിശീലകൻ ഡി.ബി. രവി തേജയുടെ പ്രതികരണം. എന്നാൽ ലോകകപ്പ് മുന്നിൽ നിൽക്കുന്നതിനാൽ ഉടൻ കളത്തിലിറക്കാനുള്ള റിസ്ക് എടുക്കാനില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുഖപ്രാപ്തിയുടെ പാതയിലാണെന്ന് തിലക് വർമ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ‘എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി. വേഗത്തിൽ കളത്തിലേക്ക് മടങ്ങിയെത്തും,’ എന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.
ഫെബ്രുവരി 7നാണ് ടി20 ലോകകപ്പിന് തുടക്കമാകുക. ശസ്ത്രക്രിയക്ക് ശേഷം താരത്തിന്റെ തിരിച്ചുവരവിന് മാസങ്ങളെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. പകരക്കാരനായി ശ്രേയസ് അയ്യർ ടീമിലെത്തുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നുവെങ്കിലും, കിവീസിനെതിരായ ടി20 പരമ്പരയിൽ തിലക് വർമ്മയെ മാറ്റിനിർത്തിയതോടെ പകരം ആരെയാകും ഉൾപ്പെടുത്തുക എന്നതിൽ ബിസിസിഐ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
പാകിസ്താനെതിരായ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായ ഹൈദരാബാദ് സ്വദേശിയായ തിലക് വർമ്മ, നിലവിൽ മികച്ച ഫോമിലാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ മധ്യനിരയിൽ ബാലൻസ് നിലനിർത്തുന്നതിലും 23കാരനായ താരത്തിന് നിർണായക പങ്കുണ്ട്. നിലവിൽ നടന്നുവരുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളത്തിലിറങ്ങിയ തിലക് വർമ്മ രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറി ഉൾപ്പെടെ 143 റൺസും നേടിയിരുന്നു.