editorial

എസ്.ഐ.ആറിലെ കുറ്റസമ്മതം

By webdesk18

December 01, 2025

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ നടപടികള്‍ ഒരാഴ്ചത്തേക്ക് നീട്ടിവെക്കാനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുറ്റസമ്മതമാണെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ സര്‍ക്കുലര്‍ പ്രകാരം വിവര ശേഖരണ നടപടികള്‍ ഈ മാസം 11 വരെ തുടരും. നേരത്തെ ഡിസംബര്‍ നാലിന് മുമ്പ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാണ് ബി.എല്‍.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഡിസംബര്‍ ഒമ്പതിന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കില്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 16 ലേക്കും ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന എസ്.ഐ.ആര്‍ അടിസ്ഥാനത്തിലുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 14 ലേക്കും നീട്ടിയിട്ടുണ്ട്.

പേരിനുമാത്രമുള്ള ഈ ഒരു തീരുമാനത്തിലേക്ക്‌പോലും കമ്മീഷന് എത്തിച്ചേരാന്‍ ശക്തമായ ജനകീയ വികാരവും 30 മനുഷ്യജീവനുകളുടെ വിലയും വേണ്ടിവന്നു എന്നതാണ് ഏറെ സങ്കടകരം. എസ്.ഐ.ആറിനെതിരെ കര്‍ശനമായ നിലപാടെടുത്ത കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് കമ്മിഷന്‍ മുന്നോട്ടു നീങ്ങിയത്. ഒരു കാരണവശാലും പിന്നോട്ടില്ലെന്നറിയച്ച അവര്‍, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തല ത്തില്‍ പദ്ധതി നടപ്പാക്കുന്നത് നീട്ടിവെക്കാനെങ്കിലും തയാറാകാണമെന്ന നിര്‍ദ്ദേശംപോലും മുഖവിലക്കെടുത്തിരുന്നില്ല.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കേണ്ട ബി.എല്‍.ഒമാരും അവരെ സഹായിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എ മാരും സര്‍വോപരി സാധാരണ ജനങ്ങളും ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായിരുന്നു അഞ്ചു തവണകളിലായിനടന്ന സര്‍വകക്ഷിയോഗങ്ങളിലും കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവെച്ചത്. എന്നാല്‍ എന്യൂമറേഷനും ഡിജിറ്റലൈസേഷനുമെല്ലാം രേഖാമൂലം അനുവദിച്ച ഡിസംബര്‍ നാലിന് പകരം നവംബര്‍ 26 നു മുമ്പ് തന്നെ പൂര്‍ത്തീകരിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തിയും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന ഒമ്പതിലേക്ക് നിജപ്പെടുത്തിയുമായിരുന്നു കമ്മീഷന്റെ പ്രതികാരം.

രാഷ്ട്രീയ പാര്‍ട്ടികള്‍ സൂചിപ്പിച്ചതുപോലെ തന്നെ, തിരക്കുപിടിച്ചുള്ള സമയക്രമങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ മനുഷ്യസാധ്യമല്ലാതാക്കിമാറ്റുകയും കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം സമ്മര്‍ദ്ദം താങ്ങാനാവാ തെ ബി.എല്‍.ഒമാര്‍ വ്യാപകമായി ജീവിതം അവസാനിപ്പിക്കുന്നതുമായ കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസേഷനും ഒരിക്കലും പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബോധ്യമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കുറക്കാന്‍ സുംബാഡാന്‍സും മാനസികോ ല്ലാസ പരിപാടികളുമെല്ലാം ഏര്‍പ്പെടുത്തി പരിഹാസ്യമാ യ സമീപനമായിരുന്നു കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നത്.എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം മാറ്റംവരുത്തിയ കമ്മീഷന്റെ സമീപനംപോലും സോദ്ദേശപരമല്ലെന്നത് സുവ്യക്തമാണ്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചെറുക്കാനുള്ള ചെപ്പടി വിദ്യമാത്രമായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. എസ്.ഐ.ആര്‍ തന്നെയായിരിക്കും ഈ സെഷനിലും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിശേഷിച്ചും. കേരളവും തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന അനാവശ്യധൃതി, പിടിവാശി, ബി.എല്‍.ഒമാരുടെ ജീവന്‍ പോലും കുരുതികൊടുക്കുന്ന തരത്തിലുള്ള അമിത സമ്മര്‍ദ്ദം, തിരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്നിവയെല്ലാം ഉയര്‍ത്തിയാവും പ്രതിപക്ഷം സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതി രെ ആഞ്ഞടിക്കുക.

എസ്.ഐ.ആര്‍ വിഷയത്തില്‍ പ്രത്യേ ക ചര്‍ച്ച വേണമെന്ന് സഭാസമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ക്ക് കൂട്ടുനിന്ന് നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി അനാവശ്യ തിടുക്കത്തോടെയുള്ള ഈ നീക്കം രാഷ്ട്രീയമായും നിയമപരമായും മാത്രമല്ല ജനകീയമായും തിരഞ്ഞെടുപ്പ് കമ്മീഷന് കനത്ത പ്രതിരോധത്തി ലാക്കിയിരിക്കുകയാണ്. എസ്.ഐ. ആറിന്റെ തിയ്യതി നീട്ടേണ്ടിവന്നത് ഇതിന്റെ ആദ്യ പടിയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ പോരാട്ടവും നീതിപീഠത്തിന്റെ ഇടപെടലും തെറ്റായ സമീപനങ്ങള്‍ക്കുള്ള കടുത്ത താക്കീതായിത്തീരുക തന്നെ ചെയ്യും.