News

വയനാട് കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ സ്ഥിരീകരണം; ഒരു മരണം

By webdesk17

December 22, 2025

വയനാട്: വയനാട് പനമരം കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ പടരുന്നതായി റിപ്പോര്‍ട്ട്. കോളറ ബാധിച്ച് ആദിവാസി വയോധികന്‍ ചോമന്‍ മരണമടഞ്ഞു. ഇതുവരെ ഉന്നതിയിലെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉന്നതിയില്‍ താമസിക്കുന്നവര്‍ക്ക് അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നത്. 15 വീടുകളിലായി കഴിയുന്ന ഉന്നതി നിവാസികള്‍ക്ക് ആകെ ഉപയോഗിക്കാവുന്നത് രണ്ട് ശുചിമുറികള്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച അഞ്ച് ശുചിമുറികളില്‍ മൂന്ന് എണ്ണം പൂര്‍ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

ഉന്നതിയിലെ കാനയില്‍ നിന്നുള്ള മലിനജലം വീടുകളുടെ മുന്നിലൂടെ പൊട്ടി ഒഴുകുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതുമൂലം നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.

കോളറ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഉന്നതി നിവാസികള്‍ രംഗത്തെത്തി. ട്രൈബല്‍ വകുപ്പും ആരോഗ്യ വകുപ്പും തങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന കടുത്ത ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നു.മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് കോളറ. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ ബാക്ടീരിയ ചെറുകുടലില്‍ വിഷവസ്തു ഉല്‍പ്പാദിപ്പിക്കുകയും അതുവഴി ശരീരത്തില്‍ നിന്ന് വലിയ അളവില്‍ വെള്ളം പുറത്തുപോകുകയും ചെയ്യുന്നു.

കഠിനമായ വയറിളക്കം, ഛര്‍ദി, അതിവേഗ നിര്‍ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശുചിത്വമില്ലാത്ത പ്രദേശങ്ങളിലാണ് കോളറ പടരാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.