News

ജയിലില്‍ ഇംറാന്‍ ഖാന്‍ സുരക്ഷിതനെന്ന് സ്ഥിരീകരണം; സഹോദരിമാര്‍ക്ക് സന്ദര്‍ശനാനുമതി

By webdesk17

November 27, 2025

ഇസ്‌ലാമാബാദ്: പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ ശക്തമായി തള്ളി അദിയാല ജയില്‍ അധികൃതര്‍. ഇംറാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും, ബുധനാഴ്ച അദ്ദേഹത്തെ ജയിലില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്തകള്‍ അസത്യവുമാണെന്നും അധികൃതര്‍ അറിയിച്ചു. ആവശ്യമായ എല്ലാ മെഡിക്കല്‍ പരിചരണങ്ങളും ഇംറാന്‍ ഖാനെ ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. മരണവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ജയില്‍ കവാടത്തിന് പുറത്തു പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇംറാനും കാണാനുള്ള ആവശ്യവുമായി എത്തിയ സഹോദരിമാരായ നൗറീന്‍ നിയാസി, അലീമ ഖാന്‍, ഡോ. ഉസ്മ ഖാന്‍ എന്നിവര്‍ക്ക് അവസരം നല്‍കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു. അനുമതി ലഭിച്ചതോടെ അവര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ഇംറാനെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പി.ടി.ഐ നേതാക്കളും കുടുംബാംഗങ്ങളും അടിയന്തര സന്ദര്‍ശനം അനുവദിക്കണമെന്നും, ഇംറാന്‍ ഖാന്റെ ആരോഗ്യസ്ഥിതി, സുരക്ഷ, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെതിരായ അന്വേഷണം ആവശ്യപ്പെട്ടും പി.ടി.ഐ മുന്നോട്ട് വന്നു. അഭ്യൂഹങ്ങള്‍ക്കൊപ്പം അദിയാല ജയിലിന് മുന്നില്‍ വലിയ ജനക്കൂട്ടം പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ വനിതാ പ്രകടനക്കാരെ പൊലീസ് മര്‍ദിച്ചുവെന്നാരോപണമുയര്‍ന്നിരുന്നു. മൂന്ന് വര്‍ഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൊതുജനങ്ങള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതിനെ നൗറീന്‍ നിയാസി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സംഭവങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ നിയമനിര്‍വഹണ ഏജന്‍സികളുടെ അടിസ്ഥാന പദവികള്‍ക്കു വിരോധമാണെന്നായിരുന്നു അവരുടെ പ്രതികരണം. 2023ആഗസ്റ്റിലാണ് ഇംറാന്‍ ഖാനെ അദിയാല ജയിലില്‍ തടവിലാക്കിയത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ടി.ഐ അനുയായികള്‍ തുടര്‍ച്ചയായി പ്രതിഷേധം തുടരുകയാണ്.