kerala

ശബരിമലയിലെ തിരക്ക്: അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

By webdesk14

December 25, 2023

അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതിലാണ് ഹൈക്കോടതി ഇടപെട്ടത്.

പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണു ഭക്തരുടെ വാഹനങ്ങള്‍ തടയുന്നത്. ഇത് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു കോടതി നിർദേശിച്ചു.

തടഞ്ഞുവച്ച ഭക്തർക്കു അടിയന്തരമായി സൗകര്യം ഒരുക്കണമെന്നും യാതൊരു ബുക്കിങ്ങും  ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.