world

‘പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി’ -വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

By Akhila

February 03, 2026

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ തീരുമാനമാകുകയും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി അമേരിക്കയില്‍നിന്ന് ട്രംപാണ് പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചും ട്രംപാണ് പറഞ്ഞത് ഇപ്പോള്‍ ഈ വ്യാപാര കരാറിനെക്കുറിച്ചും ട്രംപാണ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഇന്ന് പരസ്പരം സംസാരിച്ചതായി കരുതുന്നു. ഈ വിവരങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതല്ല, മറിച്ച് ഇന്ത്യയിലെ യു.എസ് അംബാസഡറാണ് നല്‍കിയത്. ഇപ്പോള്‍ ഇത് ഒരു പതിവായിട്ടുണ്ട്. പ്രസിഡന്റ് ട്രംപില്‍ നിന്നോ അദ്ദേഹം നിയമിച്ചവരില്‍ നിന്നോ മാത്രമേ ഇന്ത്യാ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയൂ -അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി താഴ്ത്തിയെന്ന് ട്രംപ് അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുടെ ഇറക്കുമതി നികുതി പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അറിയിച്ചു.