kerala

കോണ്‍ഗ്രസ് ഇനി ഹര്‍ത്താലിനില്ല; പ്രഖ്യാപനവുമായി കെ സുധാകരന്‍

By webdesk13

February 04, 2023

കണ്ണൂര്‍: കോണ്‍ഗ്രസ് ഇനി ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ കെപിസിസി അധ്യക്ഷന്‍ ആയിരിക്കുന്ന കാലത്തോളം ഹര്‍ത്താലിന് ആഹ്വാനം ചെയ്യില്ലെന്നാണ് പ്രഖ്യാപനം. നയപരമായി തന്നെ കോണ്‍ഗ്രസ് ഹര്‍ത്താലിന് എതിരാണെന്നും സുധാകരന്‍ പറഞ്ഞു.

ഹര്‍ത്താല്‍ ഇല്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ മറ്റുപല സമരമുറകളിലൂടെ ശക്തമായ സമരം ഉണ്ടാവുമെന്ന് സുധാകരന്‍ ഉണര്‍ത്തി. നികുതിക്കൊള്ളയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാധാരണക്കാരന്റെ നടുവ് ചവിട്ടിയൊടിക്കുന്ന ബജറ്റാണിത്. സര്‍ക്കാര്‍ ബ്ലേഡ് മാഫിയയ്ക്കു തുല്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പ്രളയത്തിന്റെയും കോവിഡിന്റെയും ദുരിതത്തില്‍നിന്ന് കേരള സമൂഹം ഇനിയും മോചിതരായിട്ടില്ല. ജനങ്ങള്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ നടുവിനു ചവിട്ടുകയാണെന്ന് സുധാകരന്‍ ആക്ഷേപിച്ചു. കേന്ദ്ര ബജറ്റല്‍ പ്രതിഷേധിച്ചുകൊണ്ട് ഈ മാസം ഏഴിന് കേന്ദ്ര ഓഫിസുകള്‍ക്കു മുന്നിലും സംസ്ഥാന ബജറ്റിനെതിരെ ഒന്‍പതിനും സമരം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചു