ന്യൂഡല്‍ഹി: ബിജെപിയുമായുള്ള ഫെയ്‌സ്ബുക്കിന്റെ അവിശുദ്ധബന്ധം പുറത്തായ സാഹചര്യത്തില്‍ സംഭവത്തില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യുട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗിന് കത്തെഴുതി കോണ്‍ഗ്രസ്. സമാന വിഷയത്തില്‍ ഇതു രണ്ടാംതവണയാണ് കോണ്‍ഗ്രസ് കത്തയക്കുന്നത്.

ഫെയ്‌സ്ബുക്കും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധം ചൂണ്ടിക്കാട്ടിയുള്ള ടൈം മാഗസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ ഘടകം ബിജെപിക്കായി നയങ്ങള്‍ മാറ്റിമറിച്ചുവെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ നടപടിയെടുക്കാന്‍ ഫെയ്‌സ്ബുക്കും വാട്‌സാപ്പും മനഃപൂര്‍വ്വം മടിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ സീനിയര്‍ പോളിസി എക്‌സിക്യുട്ടിവ് അങ്കിദാസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. ഫെയ്‌സിബുക്കും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധം വ്യക്തമാക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് അമേരിക്കയിലെ ടൈം മാഗസിന്‍ റിപ്പോര്‍ട്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഗസ്റ്റ് 18-നാണ് കമ്പനി സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് ആദ്യ കത്തെഴുതിയത്.

വിദ്വേഷ പ്രസംഗം അടക്കമുള്ള ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ കമ്പനി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും സക്കര്‍ബര്‍ഗിന് കത്തയച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍്ക്കും മറ്റും ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും അധികാരത്തിലുള്ള ബിജെപിക്ക് മനഃപൂര്‍വ്വം അനുവദിച്ചു നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

വിഷയത്തില്‍ വീണ്ടും പ്രതികരിച്ച രാഹുല്‍, വാട്സാപ്പും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് അമേരിക്കയിലെ ടൈം മാഗസിന്‍ തുറന്നു കാണിക്കുന്നുവെന്ന്  പറഞ്ഞു.

’40 കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ് മോദി സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള പേയ്‌മെന്റ് സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.. അങ്ങനെ വാട്‌സാപ്പില്‍ ബിജെപിക്ക് ഒരു പിടിയുണ്ട്.’ രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

പേയ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ലൈസന്‍സിന് ലഭ്യാക്കുന്നതിന് പകരമായി, വാട്‌സാപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തില്‍ ഇടപെടാന്‍ ബിജെപിയെ അനുവദിച്ചുവെന്നാണ് ടൈം മാഗസിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് രണ്ടാമത്തെ കത്തിലെ ആരോപണം. നാല്‍പത് കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ്, ബിജെപിക്കായി വിട്ടുവീഴ്ച ചെയ്യുകയും അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നുള്ള ടൈം മാഗസിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇത്തവണയും സക്കര്‍ബര്‍ഗിന് കത്തയച്ചിട്ടുള്ളത്.