പനാജി: ഗോവയില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് 16 എം.എല്‍.എമാരാണുള്ളത്, ബി.ജെ.പിക്ക് പതിനാലും. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ രംഗത്തിറക്കി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. കര്‍ണാകയില്‍ സുപ്രീം കോടതി വിധിയുടെ ബലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായതോടെയാണ് ഗോവ, ബീഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചത്.

വിദേശത്ത് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരോഗ്യനില വീണ്ടും വഷളായതിനെ തുടര്‍ന്ന് ഇപ്പോള്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. ചികിത്സക്കായി മാറി നില്‍ക്കേണ്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു പരീക്കര്‍. എന്നാല്‍ ഇതിനെ ബി.ജെ.പി നേതൃത്വം എതിര്‍ത്തിട്ടുണ്ട്. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും തങ്ങളുടെ പാര്‍ട്ടി നേതാവുമായ സുധീര്‍ നവലിക്കര്‍ ആണ് ചുമതല വഹിക്കേണ്ടതെന്ന് ഘടക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പറയുന്നു. എന്നാല്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഇതിനെതിരെ രംഗത്തുവന്നു. ചുമതല മാറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. പരീക്കറിനു പുറമെ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാരും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലാണ്. പാണ്ഡുരംഗ് മഡകാക്കറും, ഫ്രാന്‍സിസ് ഡിസൂസയുമാണ് ചികിത്സയിലുള്ളത്.