അസമില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ 126 നിയമസഭാ സീറ്റുകളില്‍ 100ലും മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ഞായറാഴ്ച അറിയിച്ചു. ബാക്കിയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തേസ്പൂരില്‍ നടന്ന പരിപാടിക്ക് ശേഷമാണ് പ്രഖ്യാപനം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നും ചടങ്ങില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. 100 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളുമായി മത്സരിക്കുമെന്നും മറ്റ് സീറ്റുകള്‍ ചര്‍ച്ചയിലൂടെയും ആലോചനകളിലൂടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി വിഭജിക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, അസമിലെ ജനങ്ങളില്‍ നിന്ന് അപഹരിക്കപ്പെട്ട അന്തസ്സ് വീണ്ടെടുക്കും. കോണ്‍ഗ്രസ് സമാധാനത്തിലും ഐക്യത്തിലും വിശ്വസിക്കുന്നു, ബിജെപി അശാന്തിയിലും ഭിന്നതയിലും വിരാജിക്കുന്നു. കോണ്‍ഗ്രസിന് ഭരണഘടനയില്‍ വിശ്വാസമുണ്ട്, അതേസമയം ജനാധിപത്യം തകര്‍ത്ത് സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ശങ്കര്‍ദേവ്-മാധവ്‌ദേവ്, അജന്‍ പിര്‍ എന്നിവരുടെ കര്‍ശനമായ ശിക്ഷാ നടപടി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല,’ അദ്ദേഹം പറഞ്ഞു.