india

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

By sreenitha

January 04, 2026

ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നിയമത്തിലൂടെ പഞ്ചായത്തുകളുടെ അധികാരം നഷ്ടപ്പെട്ടുവെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്രം എല്ലാം തീരുമാനിക്കുകയും അതിന്റെ ദോഷഫലങ്ങള്‍ ഗ്രാമങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നീക്കത്തിനെതിരെ 45 ദിവസം നീളുന്ന ദേശവ്യാപക ക്യാംപയിന്‍ നടത്തും. ഇതിന് മുന്നോടിയായി എല്ലാ പി.സി.സി.കളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. ജനുവരി 21 മുതല്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലോക്ഭവനും മുന്നില്‍ ധര്‍ണകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ സംഖ്യയിലെ എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. വിബിജി റാം ജി ബില്‍ പിന്‍വലിക്കണമെന്നും പഴയ ബില്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.