ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെപിയെയും കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദിയുടെ അധികാര ഗര്‍വിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ആരംഭിച്ച എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ കള്ളങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
അധികാര ഗര്‍വിലും അഹങ്കാരത്തിലും മോദി മുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല, അവര്‍ പറഞ്ഞു.
പാര്‍ട്ടി ഏറ്റവും വെല്ലുവിളി നേരിടുന്ന സമയത്ത് പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറായ രാഹുല്‍ഗാന്ധിയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു സോണിയ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
The promises of ‘Sabka Saath Sabka Vikas’ and ‘Na khaaoonga na khaane doona’ by the current govt is nothing but ‘drama’ & their tactic to get votes: Sonia Gandhi at #CongressPlenarySession pic.twitter.com/FCAGbp64pp
— ANI (@ANI) March 17, 2018
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജനോപകാരപ്രദമായ പദ്ധതികളെല്ലാം മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്താനാണ് ശ്രമിച്ചത്. സാമ്പത്തിക വിദഗ്ധന്‍ മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിനു കീഴില്‍ രാജ്യം സാമ്പത്തികമായി ഏറെ മുന്നേറിയിരുന്നു. എന്നാല്‍ മോദിയും കൂട്ടരും ചേര്‍ന്ന് നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടയും സമ്പത്ത് വ്യവസ്ഥയെ ഒന്നാകെ തകര്‍ത്തിരിക്കുകയാണ്. നോട്ട് നിരോധനത്തിന്റെ മറവില്‍ നടത്തിയതുള്‍പ്പെടെ മോദി സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സോണിയ ഗാന്ധി മറന്നില്ല. വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. പാര്‍ട്ടിക്കു വേണ്ടി എന്തു ചെയ്തുവെന്ന് ഓരോ നേതാക്കളും പ്രവര്‍ത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ പാര്‍ട്ടിക്കുള്ള ജനപിന്തുണയും വിശ്വാസ്യതയും ബോധ്യപ്പെടുത്തണം. കോണ്‍ഗ്രസ് എന്നത് ഒരു രാഷ്ട്രീയ നാമം മാത്രമല്ല, അതൊരു മുന്നേറ്റമാണെന്ന് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ വിജയമെന്നതു രാജ്യത്തിന്റെ വിജയമാണ്. അത് നമ്മുടെ ഓരോരുത്തരുടെയും വിജയമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.