മൊണ്ടിവിഡിയോ: പുതിയ കോച്ച് ഹോര്‍ഹെ സാംപൗളിക്കു കീഴിലും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയുടെ മോശം പ്രകടനം. ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ ജയം ആവശ്യമായ അര്‍ജന്റീനയെ ഉറുഗ്വേ സമനിലയില്‍ തളച്ചു. നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയ ബ്രസീല്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് കരുത്തുകാട്ടി.
ഉറുഗ്വേയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനിലയിലാണ് അര്‍ജന്റീന വഴങ്ങിയത്. ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡിമരിയ, ഒറ്റമെന്‍ഡിി, സെര്‍ജിയോ റൊമേറോ തുടങ്ങിയവര്‍ക്കു പുറമെ യുവതാരങ്ങളെയും അണിനിരത്തിയാണ് അര്‍ജന്റീന ഇറങ്ങിയത്. സാംപൗളിയുടെ ആക്രമണ തന്ത്രങ്ങള്‍ മുന്നില്‍ക്കണ്ട ഉറുഗ്വേ സ്വന്തം ഗോള്‍മുഖം സംരക്ഷിച്ച് പ്രത്യാക്രമണം നടത്തുന്ന നയമാണ് സ്വീകരിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ബാര്‍സലോണ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ഉറുഗ്വേക്കു വേണ്ടി തുടക്കം മുതലേ കളിച്ചു.
part2. Your opponent is your best friend. What a way to promote a campaign to host the 2030 World Cup Uruguay-Argentina partnership 🏆!!! pic.twitter.com/5BYaPOfNDU
— Barça Story (@barca__story) September 1, 2017
ഫിലിപ് കുട്ടിന്യോ, നെയ്മര്‍, മാര്‍സലോ എന്നിവരുടെ ഗോളുകളിലാണ് ബ്രസീല്‍ ഇക്വഡോറിനെ വീഴ്ത്തിയത്. പൗളിഞ്ഞോ രണ്ട് ഗോളിന് വഴിയൊരുക്കി. അതിനിടെ, കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ പരാഗ്വേ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു. അര്‍തുറോ വിദാലിന്റെ ഓണ്‍ ഗോളും വിക്ടര്‍ കാസറസ്, ഇച്ചാര്‍ഡ് ഓര്‍ടിസ് എന്നിവരുടെ ഗോളുകളുമാണ് പരാഗ്വേയ്ക്ക് അട്ടിമറി വിജയം സമ്മാനിച്ചത്.
18 മത്സരങ്ങളുള്ള ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ മൂന്ന് മത്സരം മാത്രം ശേഷിക്കെ 36 പോയിന്റോടെ ബ്രസീല്‍ മാത്രമാണ് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്. കൊളംബിയ (25), ഉറുഗ്വേ (24), ചിലി (23), അര്‍ജന്റീന (23) ടീമുകളാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ അന്താരാഷ്ട്ര പ്ലേ ഓഫ് വഴി യോഗ്യത ഉറപ്പാക്കേണ്ടി വരും. വെനിസ്വേല, പെറു, ഇക്വഡോര്‍ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍. ബൊളീവിയയെ അവരുടെ തട്ടകത്തിലും ബ്രസീലിനെയും നേരിടാനുള്ള ചിലിക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി.
Be the first to write a comment.