ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥരെ ആം.ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ സാധ്യത. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ നീക്കംനടക്കുന്നത്.

തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചതായാണ് വിവരം. പരമാവധി മൂന്നു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ക്രമിനില്‍ ഗൂഢാലോചന.

ഫെബ്രുവരി 19ന് കെജ്‌രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തിനിടെയാണ് കേസിനാസ്പതമായ സംഭവം നടന്നത്. യോഗത്തിനിടെ ആം ആദ്മി എം.എല്‍.എമാരായ പ്രകാശ് ജര്‍വാളും അമാനത്തുല്ല ഖാനും ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. കെജ്‌രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനമെന്നതും കേസിന് ശക്തിപകരുന്നു.

അന്‍ശു പ്രകാശിന്റെ പരാതിയില്‍ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ മുഖ്യമന്ത്രിയുടെ വസതിയില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ രണ്ട് എംഎല്‍എമാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.