വയനാട്: വയനാട് തുരങ്കപാതയുടെ നിര്‍മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മാണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. ശാസ്ത്രീയ വിഷയങ്ങളില്‍ കോടതി നേരിട്ട് ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയ്ക്ക് പരമാവധി മുന്‍ഗണന നല്‍കിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 8 കിലോമീറ്ററും 73 മീറ്ററുമാണ് തുരങ്കപാതയുടെ ആകെ നീളം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാസമയം ഏകദേശം ഒന്നര മണിക്കൂറായി കുറയും.
ഭോപ്പാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡും കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്ന കൂട്ടായ്മയ്ക്കാണ് നിര്‍മാണ കരാര്‍ ലഭിച്ചത്. ജനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.