യാംബു: ഗസ്സയിലെ ദുരിതത്തിലായ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യ തുടര്‍ച്ചയായി ഭക്ഷ്യസഹായം നല്‍കുന്നു.
രാജ്യത്തിന്റെ ആഗോള സഹായ ഏജന്‍സിയായ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ , സൗദി സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആയിരക്കണക്കിന് ഭക്ഷണകിറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീനില്‍ വിതരണം ചെയ്തു.
ഭക്ഷണസഹായം പ്രധാനമായും മധ്യ ഗസ്സയിലെ അല്‍ സവൈദ പ്രദേശത്തെ കുടിയിറക്കപ്പെട്ടവര്‍ക്കും, ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും നല്‍കിയതാണ്. സ്ത്രീകള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കും അഞ്ചിലധികം അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കിയതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ വക്താവ് വ്യക്തമാക്കി.
ഇസ്രാഈല്‍ യുദ്ധവും ഉപരോധവും മൂലമുള്ള ഭക്ഷ്യക്ഷാമം ഗുരുതരമായ നിലയില്‍ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൗദിയുടെ തുടര്‍ച്ചയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍, ഭക്ഷ്യവിതരണം, അടിയന്തിര മെഡിക്കല്‍ സഹായം, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സംരക്ഷണം, സംഭാവനാ ക്യാംപെയിനുകള്‍, ദുരിതാശ്വാസ വിമാനം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഫലസ്തീന്‍ ജനതയ്ക്കായി സൗദി നടത്തുന്ന ഈ സഹായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയും പ്രശംസയും നേടിക്കൊണ്ടിരിക്കുന്നു.