താമരശ്ശേരിയിലെ അനയ എന്ന ഒന്‍പതു വയസ്സുകാരിയുടെ ദുരൂഹ മരണത്തില്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ തമ്മിലുള്ള വൈരുധ്യം വിവാദമാകുന്നു. മരണശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ വെറ്റ് മൗണ്ട് പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വൈറല്‍ ന്യൂമോണിയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുട്ടിക്ക് ന്യൂമോണിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, മസ്തിഷ്‌ക ജ്വര ലക്ഷണങ്ങള്‍ കണ്ടതുകൊണ്ടാണ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതെന്നും. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ കുട്ടി മരിച്ചിരുന്നുവെന്നും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്പ്രണ്ട് വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് എടുത്ത സാമ്പിളില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി വ്യക്തമാക്കുന്നു. കൂടാതെ, തലച്ചോറില്‍ നീര്‍കെട്ട് ഉണ്ടായിരുന്നതായും രേഖയുണ്ട്. ഇത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രധാന ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
‘വെറ്റ് മൗണ്ട് പരിശോധനയില്‍ അമീബ കണ്ടെത്തിയിട്ടുണ്ടെങ്കില്‍, മരണകാരണം ന്യൂമോണിയയായി രേഖപ്പെടുത്തുന്നത് തെറ്റിദ്ധാരണയ്ക്കിടയാക്കും. ന്യൂമോണിയ കാരണം ഇത്ര പെട്ടെന്ന് മരണം സംഭവിക്കുക അപൂര്‍വം. തലച്ചോറിലെ നീര്‍കെട്ട് തന്നെയായിരിക്കും മരണത്തിലേക്ക് നയിച്ചത്.”സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ പി.സി.ആര്‍. പരിശോധന നടത്തുമ്പോള്‍ അമീബ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കും, കാരണം സാമ്പിള്‍ മാറ്റത്തിനിടെ അമീബയുടെ സജീവത നഷ്ടമാകാം.
അനയയും സഹോദരങ്ങളും കുളത്തില്‍ മുങ്ങിക്കുളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സഹോദരികളില്‍ ഒരാള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും, ചികിത്സ ലഭിക്കുകയും ചെയ്തു. മകളുടെ മരണത്തില്‍ ചികിത്സാ വീഴ്ച ആരോപിച്ച് പിതാവ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
മരണകാരണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിനാല്‍, മെഡിക്കല്‍ കോളേജ് അധികൃതരും മെഡിക്കല്‍ ബോര്‍ഡും ഉടന്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ.