മുംബൈ: അന്താരാഷ്ട്ര സര്‍വിസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും വിമാനത്താവളങ്ങളിലെ തിരക്കുമാണ് കാരണം. ദീര്‍ഘദൂര യാത്രക്കുള്ള വലിയ വിമാനങ്ങളായ ബോയിങ് 787-9 ന്റെ സര്‍വിസുകളാണ് കുറച്ചത്. വിമാനങ്ങള്‍ റദ്ദാകാനും വൈകാനും സാധ്യതയുള്ളതിനാലാണ് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകുമെന്ന് കണ്ട് സര്‍വിസുകള്‍ വെട്ടിക്കുറച്ചതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. സര്‍വിസ് നടത്താന്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഷെഡ്യൂളിലെ സമ്മര്‍ദം കുറക്കാന്‍ മാറ്റം അനിവാര്യമാകുകയായിരുന്നെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.
നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍നിന്ന് കോപന്‍ഹേഗനിലേക്കുള്ള വിമാന സര്‍വിസ് ഫെബ്രുവരി 17 വരെ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു. ഡല്‍ഹിയില്‍നിന്നും മാഞ്ചസ്റ്ററിലേക്കുള്ള സര്‍വിസുകള്‍ ഘട്ടംഘട്ടമായി കുറക്കാനാണ് പദ്ധതി. ഫെബ്രുവരി ഏഴ് മുതല്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ അഞ്ച് വിമാന സര്‍വിസുകള്‍ നാലായി കുറയും. തുടര്‍ന്ന് ഫെബ്രുവരി 19 മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകളായും കുറക്കും. കൂടാതെ, ഫെബ്രുവരി ഒമ്പത് മുതല്‍ ഡല്‍ഹി-ലണ്ടന്‍ ഹീത്രോ റൂട്ടിലെ വിമാന സര്‍വിസുകള്‍ ആഴ്ചയില്‍ അഞ്ചില്‍ നിന്ന് നാലായി കുറക്കും.