News

ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗുകൾക്ക് നിയന്ത്രണം; ഇനി ഒരു പോസ്റ്റിന് 3–5 വരെ മാത്രം

By sreenitha

December 31, 2025

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ റീച്ചും അക്കൗണ്ട് വിസിബിലിറ്റിയും കൂട്ടാൻ സഹായിക്കുന്നുവെന്നു കരുതപ്പെട്ടിരുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി കമ്പനി. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ടന്റ് ഗുണനിലവാരത്തിനാണ് ഇൻസ്റ്റഗ്രാം ഇനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് സി.ഇ.ഒ ആഡം മൊസ്സേരി വ്യക്തമാക്കി. ഹാഷ്ടാഗുകൾ റീച്ച് കൂട്ടുന്നതിനല്ല, സെർച്ച് എളുപ്പമാക്കുന്നതിനും ആവശ്യമായ കണ്ടന്റ് വേഗത്തിൽ കണ്ടെത്തുന്നതിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ നൽകുന്നതിലൂടെ റീച്ച് വർധിക്കില്ലെന്നും, കണ്ടന്റിന്റെ നിലവാരമാണ് പ്രധാനമെന്നും ഇൻസ്റ്റഗ്രാം ആവർത്തിച്ചു.

സ്പാം കണ്ടന്റുകൾ ഒഴിവാക്കുകയും, ആർട്ടിഫിഷ്യലായി റീച്ച് കൂട്ടുന്ന പ്രവണതകൾ തടയുകയും ചെയ്യുന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. അതേസമയം, ജനറൽ ഹാഷ്ടാഗുകളായ #reels, #explore തുടങ്ങിയവ വീഡിയോകൾക്ക് ഗുണം ചെയ്യില്ലെന്നും, മറിച്ച് കണ്ടന്റുമായി ഏറ്റവും യോജിക്കുന്ന ഫോക്കസിഡായ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു.

ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട റീലുകൾക്കാണെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ മാത്രം നൽകുന്നതാണ് നല്ലതെന്ന ഉദാഹരണവും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ആവശ്യമായ കണ്ടന്റുകൾ വേഗത്തിൽ ലഭ്യമാക്കാനും, സ്പാം കുറയ്ക്കാനും, ക്രിയേറ്റേഴ്സിനെ കൂടുതൽ ഗുണമേന്മയുള്ള കണ്ടന്റിലേക്കു പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.

അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ത്രഡ്സ് പ്ലാറ്റ്‌ഫോമിലും പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഒരു പോസ്റ്റിന് ഒരു ടാഗ് എന്ന രീതിയിലേക്ക് ചുരുക്കിയിട്ടുണ്ട്. ഹാഷ്ടാഗുകളുടെ അമിത ഉപയോഗം ഒഴിവാക്കി, കണ്ടന്റ് കേന്ദ്രീകരിച്ച വളർച്ചയിലേക്കാണ് ഇൻസ്റ്റഗ്രാം നീങ്ങുന്നതെന്ന സൂചനയാണിത്.